ആകാശം എന്നോട് പറഞ്ഞു
December 31, 2025•155 words
(ഇത് ഗദ്യമാണ്, കവിതയല്ല. കഥയുമല്ല.)
എന്നെ നോക്കുമ്പോൾ
നോക്കേണ്ടത് മേഘങ്ങളിലല്ല,
കിനാവിനെ തോല്പിക്കുന്ന,
സൂര്യന്റെ തേജസ്സ് തുളുമ്പി നിൽക്കുന്ന,
അവരുടെ വക്കുകളിലല്ല.
നക്ഷത്രങ്ങളുടെ അഴകിലല്ല,
അവരുടെ ത്രസിപ്പിക്കുകയും
ഉന്മാദിപ്പിക്കുകയും കരയിപ്പിക്കുകയും
ചെയ്യുന്ന അഴകിലല്ല,
അവരുടെ ഇടയിലുമങ്ങോളമിങ്ങോളം
ഓളം തല്ലും അഴകിന്റെ പൂന്തോട്ടങ്ങളിലല്ല,
അവ തീർക്കുന്ന ഒരായിരം രൂപങ്ങളിലുമല്ല,
ആ ക്ഷീരപഥങ്ങളിലല്ല.
അവരെത്ര തന്നെയായാലും
അവരെന്നേക്കാൾ കുഞ്ഞല്ലേ,
എന്റെ കുഞ്ഞുങ്ങളല്ലേ.
ആൻഡ്രോമിഡ പറയും,
"എന്റെ അരവണ്ണം ഒന്നര ലക്ഷം പ്രകാശവർഷം,
ഞാൻ രണ്ടര ലക്ഷം പ്രകാശവർഷം ദൂരെ.."
അവളോട് പറയുക,
അതൊക്കെയും ചെറിയ സംഖ്യകൾ,
കൃത്യമായി പറഞ്ഞാൽ, നിസ്സാരമായ സംഖ്യകൾ.
ആകാശഗംഗ പീലി വിടർത്തി
അഴകിന്റെയും ആഴത്തിന്റെയും എണ്ണങ്ങളുടെയും
അത്യന്തം ദിവ്യമായ ആ കാഴ്ച കാണിക്കുമ്പോൾ,
അവളോട് പറയുക,
ലക്ഷോപലക്ഷം മന്വന്തരങ്ങളിൽ
എന്റെ മുറ്റത്തു കളിക്കാൻ വന്ന
കോടാനുകോടി കുഞ്ഞുങ്ങളിൽ
മറ്റൊരു കുഞ്ഞുമാത്രമാണവളെന്ന്,
അവളും വലുതാകും പിന്നെപ്പൊഴിഞ്ഞുപോകും,
ഞാൻ ബാക്കിയാവും.
എന്നെ കാണാൻ
മേഘങ്ങളുടെ, നക്ഷത്രങ്ങളുടെ,
ഇടയിലൂടെ നോക്കുക.
പ്രഭാതത്തിന്റെ നെടുനീലയിൽ
നിലാരാത്രിയുടെ ചാരലീലയിൽ
ആകാശഗംഗയുടെയും ആൻഡ്രോമീഡയുടെയും ഇപ്പുറത്ത്
ഇനിയും ദൂരെ ദൂരെയുള്ള പ്രകാശ വർഷങ്ങളിൽ
നിനക്കെന്നെ കാണാം.
ഞാൻ,
ആകാശം.
പ്രപഞ്ചത്തിന്റെ
ആഴം.
ഇടയിലൊഴുകുന്ന അഴകിന്റെ മിഴിവ് പേറും
പാശ്ചാത്തലത്തിന്റെ വലുപ്പം, അതിന്റെ തണല്.
അളന്നെടുക്കാനാവാത്തതിന്റെ
മുഴുവൻ വലുപ്പത്തിന്റെ ഒരു മിന്നായം.
അതിർത്തിയില്ലാത്തതിന്റെ
അതിർത്തിയിലേക്കുള്ള വഴി.
നിന്റെ ചെറുപ്പത്തിന്റെ
ഏറ്റവും മിഴിവാർന്ന കണ്ണാടി.
വരികൾ വായിക്കുക.
വരികൾക്കിടയിലുള്ളതും വായിക്കുക.
നോക്കൂ, നിനക്കെത്ര കാണാം!.
(As told to ilyas by The Sky in a morning in Kohima)