മിതവാദി മുസ്‌ലിംകൾക്ക് ഒരു തുറന്ന കത്ത്

അലി എ റിസ്‌വി (Huffington Post ൽ 2014 ൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം അദ്ദേഹത്തിന്റെ അനുവാദത്തോടെ പരിഭാഷപ്പെടുത്തിയത്)


ഞാൻ ഈ ലേഖനത്തിൽ എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്ന് തുടക്കത്തിലേ പറയാം.

നിങ്ങളുടെ മതത്തിൽ ഉൾപ്പെട്ടവർ ലോകത്തിന്റെ നാനാഭാഗത്തും ചെയ്തുകൊണ്ടിരിക്കുന്ന ഭയാനകരമായ ക്രൂരതകളെ കുറിച്ച് നിങ്ങൾ മൗനം പാലിച്ചു എന്ന് നിങ്ങളെ ഞാൻ കുറ്റപ്പെടുത്താൻ പോകുന്നില്ല. ഇസ്ലാമിക് സ്റ്റേറ്റ് (ISIS) പോലെയുള്ള സംഘങ്ങളെ നിങ്ങളിൽ പലരും അസന്ദിഗ്‌ദ്ധമായി, പരസ്യമായി തന്നെ അപലപിച്ചിട്ടുണ്ട്, അവർ നിങ്ങളിൽ പെട്ടവരല്ല എന്ന് സ്ഥാപിക്കുവാൻ നിങ്ങളുടെ കഴിവിനപ്പുറം പരിശ്രമിച്ചിട്ടുമുണ്ട്. ISIS നെ ഒറ്റപ്പെടുത്തുവാനും അവരുടെ വിശ്വാസയോഗ്യതക്ക്‌ കോട്ടം തട്ടിക്കുവാനും നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

അത് പോലെ, മത മൗലിക വാദികളുടെ ജിഹാദ്, നിർബന്ധിത മത പരിവർത്തനം പോലെയുള്ള പ്രവർത്തികളോട് നിങ്ങൾ അനുഭാവം പുലർത്തുന്നു എന്നും ഞാൻ പറയുന്നില്ല. മറ്റുള്ളവരെ പോലെ, ഒരു പക്ഷേ അതിലും കൂടുതൽ, അത്തരം പ്രവർത്തികളേയും നിങ്ങൾ എതിർക്കുന്നു എന്ന് എനിക്കറിയാം. മത മൗലിക വാദികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ബുദ്ധിമുട്ടാക്കുന്നത് മിതവാദികളായ നിങ്ങളെപ്പോലെയുള്ളവർക്കാണല്ലോ. ഇക്കാര്യത്തിൽ എനിക്ക് നിങ്ങളോട് യോജിപ്പാണ്.

എന്നാൽ എനിക്ക് പറയാനുള്ളത്, മുസ്‌ലിംകളുടെ മേലുള്ള വർധിച്ചു വരുന്ന ചീത്തപ്പേരിനെ കുറിച്ചാണ് - നിങ്ങൾക്കും ഇങ്ങനെ ഒരു ആശങ്ക പ്രകടമായിട്ടുണ്ടാകും.

നിങ്ങൾ എക്കാലത്തേക്കാളും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്, ഇസ്ലാമിക മത മൗലിക വാദികൾ മുസ്ലിങ്ങളുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നു. അവരാണ് മതത്തിന്റെ ശബ്ദം എന്ന്‌ അവർ തന്നെ പ്രഖ്യാപിക്കുന്നു. അതിലേറെ കഷ്ടം എന്തെന്നാൽ, മത മൗലിക വാദികളാണ് ഇസ്‌ലാമിനെ പ്രതിനീകരിക്കുന്നത് എന്ന് മറ്റ് പലർക്കും തോന്നിത്തുടങ്ങിയിരിക്കുന്നു.

നിങ്ങൾക്ക് ഇതിലുള്ള നിരാശ വളരെ പ്രകടമാണ്. ഉദാഹരണത്തിന്, പുരോഗമനവാദികളുടെ ഇസ്‌ലാമിനെ ചോദ്യം ചെയ്യാനുള്ള മടിയെ കുറ്റപ്പെടുത്തി ബിൽ മെഹർ എന്ന കൊമേഡിയൻ ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. അതിന് മറുപടിയായി ഇസ്‌ലാം മത പണ്ഡിതൻ റെസ അസ്‌ലൻ ഒരു സി എൻ എൻ അഭിമുഖത്തിൽ, ബിൽ മെഹറിനെ അധിക്ഷേപിച്ചു. വളരെ പ്രകോപിപ്പിക്കപ്പെട്ട റെസ അസ്‌ലൻ, ബിൽ മെഹറിനെ 'മണ്ടൻ', 'ഭ്രാന്തൻ' എന്നൊക്ക വിളിക്കുകയുണ്ടായി. (ഇതിൽ പിന്നീട് റെസ അസ്‌ലൻ ക്ഷമാപണം നടത്തി)

അസ്‌ലൻ പറഞ്ഞ മറ്റു വാദങ്ങൾ നമുക്ക് കുറച്ചു കഴിഞ്ഞ് പരിശോധിക്കാം. അതിന് മുൻപ്, അസ്‌ലൻ സി എൻ എൻ അഭിമുഖത്തിലെ ആതിഥേയനോട് പറഞ്ഞ ഒരു കാര്യം ശ്രദ്ധിക്കാം: സമൂഹം, മിതവാദിയായ സാധാരണ മുസ്ലിങ്ങളെ കാണുന്നത് മൗലിക വാദികളെ കാണുന്ന അതേ രീതിയിലാണ് എന്നതാണ്. ഒരു പക്ഷെ നിങ്ങൾക്കും ഇതു പോലെ തന്നെ തോന്നുന്നുണ്ടാവാം.

എന്നാൽ നിങ്ങൾക്ക് ഇക്കാര്യത്തിൽ അമുസ്ലിങ്ങളുടെയും മാധ്യമങ്ങളുടെയും അറിവില്ലായ്മയെയോ വിമുഖതയെയോ കുറ്റപ്പെടുത്താവാനാവില്ല. അമുസ്ലിങ്ങളും മാധ്യമങ്ങളും, മുസ്ലിം സമൂഹത്തെ പോലെ തന്നെ, ഒരൊറ്റ വിഭാഗമല്ല.

പ്രശ്നമെന്തെന്നാൽ, മിതവാദികളായ നിങ്ങളെ പോലെ ഉള്ളവരും മുസ്‌ലിംകളുടെ പേര്ചീ ത്തയാക്കുന്നതിൽ, അറിയതാണെങ്കിലും, ഒരു പങ്ക് വഹിക്കുന്നുണ്ട്.

അത് എങ്ങനെയെന്ന് മനസ്സിലാകണമെങ്കിൽ, നിങ്ങൾ ഇതിന്റെ മറു വശം ഒന്ന് കാണണം.

ഇത് പോലെയുള്ള സംഭാഷണം ഓർമയിൽ വരുന്നുണ്ടോ?

1) ഒരു മിതവാദിയായ മുസ്ലിം ISIS ചെയ്യുന്നത് തെറ്റാണെന്ന് അഭിപ്രായപ്പെടുന്നു. അവർ യഥാർത്ഥ മുസ്ലിംകൾ അല്ലെന്നും, ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്നും പറയുന്നു.

2 ) മറു ചോദ്യം - അപ്പോൾ ഖുർആൻ 4:89 ൽ "അവിശ്വാസികളെ തടഞ്ഞു നിർത്തി കൊന്നുകളയുക" എന്ന് പറഞ്ഞതോ? 8:12-13 ൽ "സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക. അവര്‍ അല്ലാഹുവോടും അവന്‍റെ ദൂതനോടും എതിര്‍ത്തു നിന്നതിന്‍റെ ഫലമത്രെ അത്‌." എന്ന് പറഞ്ഞതോ? അല്ലെങ്കിൽ 5:53 ൽ "അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധത്തിലേര്‍പ്പെടുകയും ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ വധമോ കുരിശിലേറ്റലോ കൈകാലുകള്‍ എതിര്‍ദിശകളില്‍ മുറിച്ചുകളയലോ നാടുകടത്തലോ ആണ്" എന്ന് പറഞ്ഞതോ? അതുമല്ലെങ്കിൽ 47:4 ൽ "അതിനാല്‍ യുദ്ധത്തില്‍ സത്യനിഷേധികളുമായി ഏറ്റുമുട്ടിയാല്‍ അവരുടെ കഴുത്ത് വെട്ടുക." എന്ന് പറഞ്ഞതോ?

3) മിതവാദി ഖുർആനിൽ പറഞ്ഞ ദൈവ വചനങ്ങളിൽ ഉറച്ചു നിൽക്കുന്നു. മേൽ പറഞ്ഞ കാര്യങ്ങൾ സാഹചര്യത്തിൽ നിന്നും അടർത്തി മാറ്റിയതോ, ദുർവ്യാഖ്യാനം ചെയ്തതോ, പരിഭാഷയിൽ തെറ്റ് സംഭവിച്ചതോ, അതുമല്ലെങ്കിൽ ആലങ്കാരികമായി ഉപയോഗിച്ചതോ ആണെന്ന് തറപ്പിച്ചു പറയുന്നു.

4 ) ചോദ്യകർത്താവ് ഒന്നിലേറെ പരിഭാഷകൾ കാണിച്ചാലും, ഇതു പോലുള്ള വരികൾ ഏതു സാഹചര്യത്തിൽ ഉപയോഗിച്ചാലും സംശയനീയമാണെന്ന് പറഞ്ഞാലും, മിതവാദി തന്റെ വേദത്തെ പ്രതിരോധിക്കാൻ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നില്ക്കും .

ഇങ്ങനെയുള്ള സംഭാഷണങ്ങൾ അവസാനിക്കുന്നത് ചോദ്യകർത്താവ് മുസ്ലിങ്ങളോട് വിവേചനമുള്ള, അല്ലെങ്കിൽ ഇസ്‌ലാമിനെ ഭ്രാന്തമായി എതിർക്കുന്നവനാണ് എന്ന് പ്രസ്താവിക്കുന്നതിലാണ്, അസ്‌ലൻ സി എൻ എൻ അഭിമുഖത്തിൽ മെഹറിനോട് ചെയ്തത് പോലെ. ഇത് വളരെ ഗുരുതരമായ ഒരു ആരോപണമാണ്, അതോടെ ആ സംഭാഷണം അവിടെ തീരുന്നു. ആരും "ഭ്രാന്തൻ " എന്ന വിളി കേൾക്കാൻ ഇഷ്ടപ്പെടുന്നവരല്ല.

എന്നാൽ നിങ്ങൾ ഇത് കേൾക്കുന്ന അമുസ്‌ലിം ശ്രോതാക്കളുടെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിച്ച് നോക്കൂ. അവരാണോ ഇസ്‌ലാമിനെ തീവ്രവാദവുമായി ബന്ധിപ്പിക്കുന്നത്? നമ്മൾ കാണുന്നത്, ജിഹാദികൾ "അള്ളാഹു അക്ബർ" എന്ന് വിളിച്ചു കൊണ്ട് ആളുകളുടെ (പൊതുവെ അമുസ്ലിംകളുടെ) തല അറക്കുന്നതാണ്, അല്ലെങ്കിൽ സ്ഫോടനം നടത്തുന്നതാണ്, യുദ്ധത്തിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്നതാണ്. ആരാണിവിടെ ഇസ്‌ലാമിനെ തീവ്രവാദവുമായി ബന്ധിപ്പിക്കുന്നത്?

നിങ്ങളാണ് മറുവശത്തെങ്കിൽ നിങ്ങൾ എന്ത് ചിന്തിക്കുമായിരുന്നു? തീവ്രവാദികൾ അവരുടെ ചെയ്തികളെ ന്യായീകരിക്കാൻ എളുപ്പത്തിൽ ഉപയോഗിക്കുന്ന ഖുർആൻ വചനങ്ങളെ നിങ്ങളെ പോലെയുള്ള മിതവാദികളായ മുസ്ലിംകൾ പോലും പരിപൂർണവും ഒരിക്കലും തെറ്റില്ലാത്തതും എന്ന് പറഞ്ഞ് പ്രതിരോധിക്കുമ്പോൾ അമുസ്‌ലിംങ്ങൾ എന്ത് ചിന്തിക്കണം?

ഖുർആൻ അക്ഷരാർത്ഥത്തിൽ വായിക്കുന്നവരെ പറ്റി അസ്‌ലൻ റെസയും മറ്റു മിതവാദികളെ പോലെ തന്നെ പരിതപിക്കുന്നു. എന്നാൽ കൗതുകമുള്ള കാര്യമെന്തെന്നാൽ, ഖുർആൻ അക്ഷരാർത്ഥത്തിൽ വായിക്കപ്പെടുന്നത് - അതായത് അള്ളാഹു എഴുതിയ അതേ പോലെ - റെസയെപ്പോലെ എന്നെയും അസ്വസ്ഥമാക്കുന്നു.

നിങ്ങളിൽ പലരും തന്നെ ഖുർആന്റെ ചില വാക്യങ്ങൾക്ക് വേറെ നിർവ്വചനങ്ങൾ വായിക്കണമെന്ന് പറയുന്നു, ഒരു തരത്തിലുള്ള ആലങ്കാരികമായ വായന - അതിലുള്ള ചില വചനങ്ങൾ അക്ഷരാർത്ഥത്തിൽ വായിക്കുന്നത് ഒഴിവാക്കാൻ വേണ്ടി. എന്ത് സന്ദേശമാണ് ഇതിലൂടെ നിങ്ങൾ അമുസ്‌ലിംകൾക്ക് നൽകുന്നത്? അമുസ്‌ലിംകൾക്ക് ഇതിനെ പറ്റി തോന്നുക എന്തെന്നാൽ, ദൈവത്തിന്റെ തിരുവചനങ്ങൾക്ക് ചില കുറവുകൾ ഉണ്ട് എന്നാണ്. ഒരു തരത്തിൽ, ഈ വചങ്ങൾക്ക് നിങ്ങൾ കൊടുക്കുന്ന വ്യാഖ്യാനങ്ങൾക്ക് ഖുർആനിലെ തനതായ വചനകളേക്കാൾ വിലയുണ്ട് എന്നാണ് നിങ്ങൾ പറഞ്ഞു വരുന്നത്. പക്ഷേ സ്വർഗീയമായ ഒരു ഗ്രന്ഥത്തിന് ഇങ്ങനെ ഒരു സന്ദേശം അത്ര ചേർന്നതല്ലല്ലോ. കൂടാതെ, ഖുർആൻ വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു എന്ന നിങ്ങളുടെ വാദവും കൂടി ഇതിനോട് കൂട്ടി വായിക്കുമ്പോൾ, ഖുർആന്റെ ഗ്രന്ഥകർത്താവ്‌ അസമർത്ഥനോ അല്ലെങ്കിൽ കാര്യങ്ങൾ ഭംഗിയായി അവതരിക്കാൻ കഴിയാത്തവനോ ആണെന്ന് തോന്നും. പക്ഷേ ദൈവീക ഗ്രന്ഥത്തെ കുറിച്ച് അങ്ങനെ നിങ്ങൾക്ക് സമ്മതിക്കുവാൻ കഴിയില്ലല്ലോ. ഞാനും ഒരു കാലത്ത് നിങ്ങളുടെ അതേ അവസ്ഥയിൽ പെട്ടു പോയിട്ടുണ്ട്. പക്ഷേ അമുസ്ലിങ്ങൾക്ക് ഇങ്ങനെ തോന്നാൻ കാരണം എന്താണെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.

ഏതെങ്കിലും ഒരു ഗ്രന്ഥം ആലങ്കാരികമായി വായിക്കണമെങ്കിൽ, ഏറ്റവും ചുരുങ്ങിയത് വചനങ്ങളുടെ തനതായ അർത്ഥമെങ്കിലും നിലനിർത്തണം. അലങ്കാരങ്ങൾ ആശയങ്ങൾ വിശദീകരിക്കുവാനും വ്യക്തമാകുവാനും ഉള്ളതാണ്, അല്ലാതെ വളച്ചൊടിക്കാനും സംഘീർണമാക്കുവാനും ഉള്ളതല്ല. യഥാർത്ഥ വചനങ്ങൾ തുറന്ന അതിക്രമങ്ങളെക്കുറിച്ച് പറയുമ്പോൾ, എന്നാലത് സമാധാനത്തെയും ഐക്യത്തെയും കുറിച്ചാണെന്ന് നിങ്ങൾ വ്യാഖാനിക്കുകയാണ് എങ്കിൽ നിങ്ങൾ ഗ്രന്ഥത്തെ വിശദീകരിക്കുകയോ അതിലെ അലങ്കാരങ്ങൾ പരിശോധിക്കുകയോ അല്ല, മറിച്ച് നിങ്ങൾ അതിൽ പറയുന്ന കാര്യങ്ങളെ വളച്ചൊടിക്കുകയും ദുർവ്യഖ്യാനം ചെയ്യുകയുമാണ്. ഇത് ഒന്നോ രണ്ടോ വചനങ്ങളെ കുറിച്ച് മാത്രമായിരുന്നെങ്കിൽ നിങ്ങളുടെ വാദം ഞാൻ പരിഗണിക്കുമായിരുന്നു. അല്ലെങ്കിൽ നിങ്ങൾ പറയുന്ന രീതിയിലുള്ള, അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാത്ത തരത്തിലുള്ള വിശദീകരണങ്ങൾ ലോകം മുഴുവൻ അംഗീകരിക്കുന്നുണ്ടായിരുന്നു എങ്കിലും നിങ്ങളുടെ വാദങ്ങൾക്ക് വില കൽപിക്കാമായിരുന്നു. എന്നാൽ യാഥാർഥ്യം ഇത് രണ്ടുമല്ല.

നിങ്ങളുടെ വിശദീകരണങ്ങൾ സഹവിശ്വാസികൾ അംഗീകരിക്കുന്നുണ്ടാവും, അത് പ്രതീക്ഷിക്കാവുന്നത് തന്നെയാണ്. വിശ്വാസവും മനസ്സാക്ഷിയും ഒരുമിച്ച് മുറുകെ പിടിക്കേണ്ടി വരുമ്പോൾ രണ്ടിനെയും ഇണക്കിച്ചേർത്ത് പോകുന്ന വാദങ്ങളിൽ നിലയുറപ്പിക്കുന്നത് സാധാരണമാണ്.

എന്നാൽ ഒരു കാര്യം മനസ്സിലാക്കണം - നിങ്ങളുടെ പുറത്തുള്ളവർക്ക് ഇത് വളരെ ആശയക്കുഴപ്പം ഉണ്ടാക്കുന്ന കാര്യമാണ്. ഇക്കാര്യത്തിൽ ഞാൻ ചില പുരോഗമന വാദികളുമായി തർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട് - അവർ നിങ്ങളുടെ ഇത്തരം വാദങ്ങൾ അംഗീകരിക്കുന്നില്ല. എന്നാൽ ഇസ്‌ലാമിനെ പേടിയുള്ളവൻ എന്ന പേര് വീഴാതിരിക്കുവാൻ, അതല്ലെങ്കിൽ മുസ്ലിങ്ങളുടെ ഇടയിലെ മതമൗലിക വാദികളെയും ജിഹാദികളെയും എതിർക്കുന്നത് മിതവാദികളായതിനാൽ, പുരോഗമന വാദികൾ നിങ്ങളുടെ വാദങ്ങളെ എതിർക്കുന്നില്ല എന്ന് മാത്രം.

നിർഭാഗ്യവശാൽ, ഇതാണ് നിങ്ങളുടെ വിശ്വാസ്യത നശിപ്പിക്കുന്നത്. ഇതാണ്, പൊതുവെ യുക്തിയോടെ സംസാരിക്കുന്ന മിതവാദിയായ മുസ്ലിമിനെ പരസ്‌പരവിരുദ്ധമായി സംസാരിക്കുന്നവൻ ആക്കുന്നത്. ഉദ്ധേശശുദ്ധിയോടെ ആണെങ്കിൽ പോലും, നിങ്ങൾ അറിയാതെ, നിങ്ങൾ മുസ്‌ലിം വിരുദ്ധരുടെ വാദങ്ങൾക്ക് ശക്തി പകരുകയാണ്, നിങ്ങളെപ്പോലെയുള്ള മിതവാദികളും മതമൗലിക വാദികളും തമ്മിൽ വലിയ വ്യത്യാസമില്ല എന്ന് നിങ്ങൾ തന്നെ വരുത്തിത്തീർക്കുകയാണ്. നിങ്ങൾ മതത്തിന്റെ പേരിലുള്ള എല്ലാ അതിക്രമങ്ങളെയും കുറ്റപ്പെടുത്തും, പക്ഷേ അതേ കാര്യങ്ങൾ നിങ്ങളുടെ ദിവ്യഗ്രന്ഥത്തിൽ വരുമ്പോൾ നിങ്ങളുടെ എല്ലാ കഴിവും ഉപയോഗിച്ച് ആ വചങ്ങളെ ന്യായീകരിക്കും. ഒന്നുകിൽ നിങ്ങൾ ചോദ്യകർത്താവിന്റെ വാദങ്ങളെ നിഷേധിക്കും, അല്ലെങ്കിൽ ആത്മാർത്ഥതയില്ലാതെ പെരുമാറും - എന്തായാലും ഒരു സംഭാഷണം അവിടെ അവസാനിക്കാൻ അത് മതി.

ഇത് യഥാർത്ഥത്തിൽ നിങ്ങളെ ധർമ്മസങ്കടത്തിൽ എത്തിക്കുന്ന ഒരു കാര്യമാണ്. ഖുർആൻ ചോദ്യം ചെയ്യപ്പെടാത്ത, ദൈവത്തിന്റെ സ്വന്തം വചനങ്ങളാണ് എന്നത് ഇസ്‌ലാമിലെ അടിസ്ഥാനപരമായ ഒരു വിശ്വാസമാണ്, ലോകത്തിലെ ഒട്ടു മിക്ക മുസ്ലിം വിഭാഗങ്ങളും ഇത് അംഗീകരിക്കുന്നു - മൗലിക വാദികളാവട്ടെ, പുരോഗമനവാദികളാവട്ടെ. ആ വിശ്വാസം ഇല്ലാതാവുക എന്നാൽ മുസ്ലിം അല്ലാതാവുക എന്ന് തന്നെയാണ് നിങ്ങളിൽ പലർക്കും. എനിക്ക് അത് മനസ്സിലാകുന്നതുണ്ട്, എന്നാൽ അത് അങ്ങനെ ആവേണ്ടതുണ്ടോ?

പല മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലായി ഒരു മുസ്ലിം കുടുംബത്തിൽ വളർന്നു വന്ന ഞാൻ എനിക്ക് ഓർമ വെച്ച കാലം മുതൽ ഇസ്‌ലാം നവീകരണത്തെപ്പറ്റിയുള്ള ചർച്ചകൾ കേട്ടു കൊണ്ടിരിക്കുന്നു. എനിക്ക് തോന്നുന്നത്, ഏത് നവീകരണത്തിന്റെയും ഒന്നാമത്തെ നടപടിയായി കാണേണ്ടത്, ഖുർആൻ ഒരു തെറ്റുമില്ലാത്തതാണ് എന്ന വാദത്തെ പുനഃപരിശോധിക്കണം എന്നതാണ്.

ഇക്കാര്യത്തിൽ ഞാൻ ഒറ്റക്കല്ല. മാജിദ് നവാസ്, ഒരു ഉറച്ച മുസ്ലിം, ഖുർആനിൽ കാണുന്ന ചില പ്രശ്നങ്ങളെ പറ്റി തുറന്ന് പറയാറുണ്ട്. അത് പോലെ തന്നെ ഇമ്ര നസീർ ഈയിടെ മുസ്‌ലിം സമൂഹത്തോട് ഖുർആൻ കുറ്റമറ്റതാണ് എന്ന ആശയത്തത്തെ പുനരാലോചിക്കാൻ ആഹ്വാനം ചെയ്യുകയുണ്ടായി. അവർ പറഞ്ഞത് ശരിയാണോ? ഒറ്റ നോട്ടത്തിൽ അത് ഒരു നടുക്കമുളവാക്കുന്ന ചിന്തയാണ്. പക്ഷെ അത്തരത്തിൽ ഒരു സാധ്യത നമുക്കു മുന്നിലുണ്ട്, ഈ ആശയം ഇതിന് മുമ്പും ഉയർന്നു വന്നിട്ടുമുണ്ട് .

ഞാൻ വളർന്നു വന്നത് സൗദി അറേബ്യയിലെ റിയാദിലാണ്, ഇന്റർനെറ്റ് ഇല്ലാത്ത ഒരു കാലത്ത്. സ്‌കൂൾ സമയത്തിന് ശേഷം ഒരു ഖുർആൻ പരിശീലകൻ വന്ന് ഞങ്ങളെ ഖുർആൻ വായിക്കാൻ പരിശീലിപ്പിക്കുമായിരുന്നു - ഖുർആൻ എഴുതപ്പെട്ട അറബി ഭാഷയിൽ തന്നെ .

എന്റെ കുടുംബം ലോകത്തിലെ 160 കോടി മുസ്‌ലിങ്ങളിലെ ഭൂരിഭാഗത്തിൽ പെട്ടതാണ് - ഇന്തോനേഷ്യ, ഇന്ത്യ, പാകിസ്ഥാൻ, തുർക്കി, ഇറാൻ പോലുള്ള അറബി സംസാരിക്കാത്ത രാജ്യങ്ങളിൽ നിന്നുള്ള വിഭാഗം. പക്ഷേ ഞങ്ങളിലെ കോടിക്കണക്കിന് ആളുകൾക്ക് ഖുർആൻ അറബിയിൽ വായിക്കാൻ അറിയാം - ഞങ്ങൾ വായിക്കുന്നത് എന്തെന്ന് മനസ്സിലാവിനാവില്ലെങ്കിൽ പോലും.

ഒട്ടുമിക്ക കുടുംബങ്ങളിലും ഖുർആൻ വെക്കുന്നത് ഉയരമുള്ള ഒരു ഇടത്തിലാണ്. ഞങ്ങളുടെ വീട്ടിൽ പുസ്തകങ്ങൾ വെക്കുന്ന അലമാരയുടെ ഏറ്റവും മുകളിലായിരുന്നു അതിന്റെ സ്ഥാനം. അത് ദേഹശുദ്ധി വരുത്താതെ തൊടാൻ അനുവാദം ഇല്ലായിരുന്നു. മാസമുറയുള്ള സ്ത്രീകളെ ഖുർആൻ തൊടുന്നതിൽ നിന്നും വായിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. റമദാനിലെ തറാവീഹ് നമസ്കാരത്തിനിടയിൽ അത് മുഴുവനായും പാരായണം ചെയ്യുമായിരുന്നു. പല മുസ്ലിം വിഭാഗങ്ങളിലും നവ വധൂവരന്മാരുടെ തലയിൽ ഖുർആൻ വെച്ച് ആശിർവദിക്കാറുണ്ട്. ഒരു കുട്ടി ഖുർആൻ ആദ്യമായി മുഴുവൻ വായിച്ചു തീർക്കുന്നത് കുടുംബത്തിലെ ഒരു പ്രധാന സംഭവമാണ് - അതുമായി ബന്ധപ്പെട്ട് വിരുന്നു സൽക്കാരം നടത്തുകയും ഉപഹാരങ്ങൾ നൽകലും പതിവാണ്.

ഇന്റെർനെറ്റ് ലഭിക്കുന്നതിന് മുമ്പ് ഖുർആൻ സ്വന്തം ഭാഷയിൽ ആഴത്തിൽ പഠിച്ച ആളുകളെ ഒന്നും ഞാൻ അധികം പരിചയപ്പെട്ടിരുന്നില്ല. മുതിർന്നവർ പറഞ്ഞതൊക്കെ ഞങ്ങൾ വിശ്വസിച്ചു പൊന്നു. ഇന്നത്തെ പോലെ കേൾക്കുന്ന കാര്യങ്ങൾ ഗൂഗിൾ ചെയ്ത് പെട്ടെന്ന് പരിശോധിക്കുവാനൊന്നും അന്ന് പറ്റില്ലായിരുന്നു.

ഖുർആനിൽ ഞങ്ങൾ അറിയാത്ത പല കാര്യങ്ങളും ഉണ്ടായിരുന്നു. സൗദി അറേബിയയിലെ തലയറക്കൽ, കൈ വെട്ടൽ തുടങ്ങിയ ക്രൂരമായ ശിക്ഷാവിധികൾ ആ പ്രദേശത്തെ നാട്ടുനടപ്പായിട്ടാണ് ഞങ്ങൾ കരുതിപ്പോന്നത്. ഇസ്‌ലാമിന് അതിൽ ഒരു പങ്കുണ്ടെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നില്ല. എന്നാൽ തല വെട്ടലും, ആണോ പെണ്ണോ ആയ മോഷണക്കുറ്റിവാളികളുടെ കൈ വെട്ടലും ഒക്കെ ഖുർആനിൽ നിർദേശിച്ചത് തന്നെ ആണെന്ന് പിന്നെയാണ് ഞങ്ങൾക്ക് മനസ്സിലാവുന്നത്.

അത് പോലെ തന്നെ ഖുർആനിൽ പറയാത്ത ചില കാര്യങ്ങൾ, അതിലുള്ളതായി വ്യാപകമായി വിശ്വസിക്കപെട്ടു പോരുന്നു. ഒരു പ്രധാന ഉദാഹരണം പർദ്ദയും ബുർഖയും സംബന്ധിച്ചത് ആണ് - ഇത് രണ്ടിനെയും പറ്റി ഖുർആനിൽ പറഞ്ഞിട്ടില്ല. അത് പോലെ തന്നെ കല്ലെറിഞ്ഞ് കൊള്ളുന്ന ശിക്ഷാവിധിയെപ്പറ്റിയും ഖുർആനിൽ പറഞ്ഞിട്ടില്ല - അത് ഹദീസിൽ (നബി വചനം അഥവാ നബി ചര്യ) പറഞ്ഞിട്ടുണ്ട്, ബൈബിളിന്റെ പഴയ വചനത്തിലും പറഞ്ഞിട്ടുണ്ട്, എന്നാൽ ഖുർആനിൽ പറഞ്ഞിട്ടില്ല.

ആണിനെയോ പെണ്ണിനെയോ ലിംഗാഗ്രചർമം നീക്കുന്നതും (സുന്നത്ത് ചെയ്യുക) ഖുർആനിൽ പറയാത്ത ഒരു കാര്യമാണ്. എന്നാൽ ഇത് രണ്ടും ഹദീസിൽ പറഞ്ഞിട്ടുണ്ട്. അസ്‌ലൻ തന്റെ അഭിമുഖത്തിൽ സ്ത്രീ ചേലാകർമത്തെ പറ്റി സംസാരിച്ചപ്പോൾ അവഗണിച്ച ഒരു കാര്യം എന്തെന്നാൽ, നാല് പ്രബല സുന്നി വിഭാഗങ്ങളിൽ ഷാഫി വിഭാഗം ഹദീസുകൾ മുൻ നിർത്തി സ്ത്രീ ചേലാകർമം നിർബന്ധമാണെന്നു പറയുകയും, മറ്റു മൂന്നു വിഭാഗങ്ങൾ അത് ശുപാർശ ചെയ്യുകയും ചെയ്യുന്നു. ഇത് കാരണമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലിംകളുള്ള, അതിൽ അധികവും ഷാഫി വിഭാഗക്കാരായ, സ്ത്രീ പുരുഷ സമത്വം മുഴുവനായും ഉണ്ട് എന്ന് അസ്‌ലൻ അവകാശപ്പെടുന്ന ഇന്തോനേഷ്യയിൽ 86 ശതമാനത്തിൽ അധികം സ്ത്രീചേലാകർമം നിലനിൽക്കുന്നത്, 90 ശതമാനത്തിൽ അധികം കുടുംബങ്ങൾ ഈ ആചാരത്തെ പിന്തുണക്കുന്നത്. അത് പോലെ തന്നെ ലോകത്തിലെ ഏറ്റവും വലിയ അറബ് മുസ്ലിം രാഷ്ട്രമായ ഈജിപ്തിൽ സ്ത്രീ ചേലാകർമം 90 ശതമാനത്തിൽ അധികമാണ്. ചേലാകർമം ഇസ്‌ലാമിന് മുമ്പുള്ള ആചാരമാണെങ്കിൽ കൂടി, ഈ ചടങ്ങിൽ മതത്തിന് യാതൊരു പങ്കുമില്ല എന്ന് വാദിക്കുന്നത് തെറ്റായിരിക്കും.

ഇത് പോലുള്ള വിവരങ്ങളായിരുന്നു ഇന്റർനെറ്റിന് മുമ്പ് എനിക്ക് ലഭിക്കാതെ പോയത്, എന്നാൽ ഇന്റർനെറ്റ് വന്നതോടെ ഈ അറിവുകൾ കിട്ടിത്തുടങ്ങി. അതായത്, ഒരു 12 വയസ്സുള്ള കുട്ടിക്ക് പോലും ഖുർആനിലെ ഓരോ അധ്യായവും തിരഞ്ഞ് കണ്ടുപിടിക്കാമെന്നായി, വിവിധ ഭാഷകളിൽ, വിവിധ പരിഭാഷകളോട് കൂടെ. ഇതോടെ എല്ലാ കാര്യങ്ങളും പരസ്യമായി. ഉദാഹരണത്തിന്, ലീ റിഗ്‌ബിയുടെ ഘാതകൻ, ഖുർആനിലെ തൗബ അധ്യായത്തിലെ വരികൾ താൻ നടത്തിയ കൊലപാതകം ന്യായീകരിക്കാൻ ഉപയോഗിച്ചപ്പോൾ അയാൾ പറഞ്ഞത് എന്തെന്ന് വ്യക്തമായി ഓൺലൈനിൽ പരിശോധിക്കാമെന്നായി. ISIS അവരുടെ ചെയ്തികൾ ന്യാകരിക്കാൻ അൽ മദീന അധ്യായത്തിലെ മുപ്പത്തിമൂന്നാം വാക്യവും, മുഹമ്മദ് അധ്യായത്തിലെ നാലാം വാക്യവും ഉദ്ധരിച്ചപ്പോൾ, നമുക്ക് അത് നമ്മുടെ ഭാഷയിൽ വായിച്ച് മനസ്സിലാക്കാനും ISIS പറയുന്നതുമായി അവയെ ബന്ധപ്പെടുത്താനും പറ്റി.

ഇത് ഒരു വലിയ ഗൗരവമുള്ള പ്രശ്നം തന്നെയാണ്, ഇതിനെ നിങ്ങൾ അഭിമുഖീകരിച്ചേ തീരൂ. മിതവാദികൾ ഒരേ സമയം ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്ന് പ്രഖ്യാപിക്കുകയും, അതേ സമയം ഇത് പോലുള്ള വാക്യങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പയാണ് തോന്നുന്നത്. മത മൗലിക വാദികൾ ഈ വാക്യങ്ങളെ അതേ പോലെ അനുസരിച്ച് പ്രവർത്തിക്കുന്നത് ഇരട്ടത്താപ്പായി തോന്നുന്നില്ല താനും. ഇത് വളരെ ഭീകരമായ അവസ്ഥയാണ്. നിങ്ങൾ ഇത് മനസ്സിലാക്കാൻ ശ്രമിക്കണം. വിമർശകരെ എല്ലാം ഉച്ചത്തിൽ വർഗീയവാദി എന്ന് വിളിച്ചാൽ ഈ പ്രശ്നം തീരാൻ പോകുന്നില്ല.

അതെ, ഒരു മതത്തിന്റെ പിന്ഗാമികളുടെ ചെയ്തികൾ വെച്ച് ആ മതത്തിനെ കുറിച്ച് വിധി പറയുന്നത് അനീതിയോ അപരാധമോ ആയി തോന്നാം, അത് പുരോഗമനവാദികളുടേതാകട്ടെ, അല്ലെങ്കിൽ അൽ ക്വയ്‌ദയുടേതാവട്ടെ. എന്നാൽ മത ഗ്രന്ഥങ്ങളുടെ ഉള്ളടക്കത്തിൻറെ അടിസ്ഥാനത്തിൽ ഒരു മതത്തിനെ വിലയിരുത്തുന്നത് ഉചിതമാണെന്നതിൽ തർക്കമുണ്ടാകാൻ ഇടയില്ല.

ഇക്കാലത്ത് നിങ്ങളുടെ വിശ്വാസങ്ങളെയും മത ഗ്രന്ഥത്തെയും കുറിച്ച് ന്യായമായ ചോദ്യങ്ങൾ വരുമ്പോൾ അതിന് കുറച്ച് കൂടി നന്നായി ഉത്തരം നൽകാൻ ശ്രദ്ധിക്കണം . വെറുതെ എല്ലാ ആരോപണങ്ങളെയും തെറ്റ്, ആലങ്കാരികമായി പറഞ്ഞത് അല്ലെങ്കിൽ ദുർവ്യാഖ്യാനം ചെയ്തത് എന്നൊക്കെ പറഞ്ഞാൽ മതിയാവില്ല. അത് പോലെ ചോദ്യം ചോദിച്ചവരെ ഭ്രാന്തൻ എന്ന് മുദ്രകുത്തിയാലും മതിയാവില്ല .

അപ്പൊ എന്ത് ഉത്തരം കൊടുക്കും?

ആദ്യ പടിയായി നിങ്ങൾ ഖുർആൻ അല്ലാത്ത മറ്റു അബ്രഹാമിക് മത (ക്രിസ്ത്യൻ, ജൂത) ഗ്രന്ഥങ്ങളും വായിക്കണം. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ മനസ്സിലാക്കും ബൈബിൾ പഴയ നിയമത്തിലും ഒരു പാട് അതിക്രമപരമായ വാക്യങ്ങൾ, ഒരു പക്ഷേ ഖുർആനിൽ ഉള്ളതിലും കൂടുതൽ ഉണ്ട് എന്ന്. ദൈവനിന്ദ ചെയ്യുന്നവരെ കല്ലെറിഞ്ഞ് കൊല്ലുക, വ്യഭിചാരികളെ കല്ലെറിഞ്ഞ് കൊല്ലുക, സ്വവർഗ ലൈംഗിക ബന്ധത്തിൽ ഏർപെട്ടവരെ കൊല്ലുക - ഇവയൊക്കെ ബൈബിളിലും ഉണ്ട്. നിയമാവർത്തനം എന്ന അധ്യായം ഒരു പത്ത് വാക്യങ്ങൾ വായിക്കുമ്പോൾ നിങ്ങൾക്ക് തോന്നും ഇത് ISIS ന്റെ നിയമാവലിയോ മറ്റോ ആണോ എന്ന്.

ഇതെങ്ങനെ സാധ്യമെന്ന് നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കും. ജൂതരുണ്ട് ഗ്രന്ഥങ്ങളും നിങ്ങളുടെ ഗ്രന്ഥങ്ങളും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന കാര്യത്തിൽ വലിയ വ്യത്യാസം ഒന്നുമില്ല, എന്നാൽ ജൂതരിൽ ഒട്ടു മിക്ക ആളുകളും മതനിരപേക്ഷരാണ്. അവരെന്താണ് തൗറാത്തിലെയും ബൈബിൾ പഴയ നിയമത്തിലെയും വാക്യങ്ങൾ അത്ര കാര്യമായെടുക്കാത്തത്? അവയും ദൈവം നേരിട്ട് മൂസാ നബിക്ക് എത്തിച്ചതാണ് എന്നാണല്ലോ വിശ്വസിച്ചു പോരുന്നത് - മുഹമ്മദ് നബിക്ക് ഖുർആൻ എത്തിച്ചത് പോലെ തന്നെ. എന്നാലും ജൂതരുടെ സ്വത ബോധത്തിന് ഒരു കുറവുമില്ല.

ഇതിന് ഉത്തരം എന്തെന്നാൽ ഇസ്ലാമിക് സ്വത്വബോധവും മുസ്ലിം സ്വത ബോധവും വേർതിരിക്കുക എന്നതാണ് - അതായത് ഒരു വർഗം എന്ന നിലയിൽ ഒന്നിച്ച് നിൽക്കുക, ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്രത്തിന്റെ പേരിൽ അല്ല. ഇതാണ് ജൂതർ തുടങ്ങിയ വിഭാഗങ്ങൾ ചെയ്ത് വിജയിച്ച രീതി.

ആശയങ്ങളുടെ കാര്യങ്ങളിൽ ഒരു അഭിപ്രായ ഐക്യം എന്നത് അസാധ്യമാണ്. അതിന്റെ ഏറ്റവും വലിയ തെളിവ് എന്തെന്നാൽ മുസ്ലിം രാജ്യങ്ങളിൽ ഇപ്പോഴും പ്ലേഗ് പോലെ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന വിഭാഗീയ ആഭ്യന്തര യുദ്ധങ്ങൾ ഏതൊരു വിദേശ സേന ചെയ്തതിനേക്കാളും കൂടുതൽ ആളുകളെ ഇല്ലാതാക്കിയിരിക്കുന്നു എന്നത് തന്നെയാണ്. എന്നാൽ ഒരു ജനത എന്ന ഒരു അവബോധത്തിൽ ഒന്നിക്കുക എന്നത് തന്നെയാണ് ഏതൊരു സമൂഹത്തെയും മുന്നോട്ട് നയിക്കുന്നത്. മത നവീകരണത്തിന് വിധേയമായ മറ്റ് അബ്രഹാമിക് മതങ്ങളെ നോക്കൂ. ജൂതർക്കും ക്രിസ്ത്യാനികൾക്കും ഹിംസാത്മകമായ ഒരു ഇരുണ്ട ഭൂതകാലം ഉണ്ടായിരുന്നു. നിങ്ങൾക്ക് അവസരം കിട്ടുമ്പോഴൊക്കെ നിങ്ങൾ അതിനെ ഓർമിപ്പിക്കാറുമുണ്ട്. എന്നാൽ അവർ അതിനെ എങ്ങനെ തരണം ചെയ്തു എന്ന് ചിന്തിച്ചിട്ടുണ്ടോ?

അതായത്, പോപ്പ് എത്ര തന്നെ ഗർഭനിരോധനത്തിനും ഗര്ഭച്ഛിദ്രത്തെയും, വിവാഹ പൂർവ ലൈംഗികതക്കെതിരെയും സംസാരിച്ചാലും, ഒട്ടു മിക്ക കാത്തോലിക്കരും പോപ്പിന്റെ നിർദേശങ്ങൾ പാലിക്കാറില്ല. അത് പോലെ, ഒട്ടു മിക്ക ജൂതരും മത നിരപേക്ഷരാണ്, അവരിൽ പലരും ജൂതർ എന്ന സ്വത ബോധത്തെ നിലനിർത്തിക്കൊണ്ട് തന്നെ നിരീശ്വരവാദിയായോ ആജ്ഞേയവാദി (agnostic) ആയോ ജീവിക്കുന്നു. ഈ സമൂഹങ്ങളിലെ വിമതർക്കും നിരീശ്വരവാദികള്ക്കും എതിരെ ചില വിമർശനങ്ങളൊക്കെ ലഭിച്ചേക്കാം, എന്നാൽ അവരെ ആരും തന്നെ ഇതിന്റെ പേരിൽ കൊലപ്പെടുത്താറില്ല.

ഇതാണ് മുസ്‌ലിം സമൂഹവും മറ്റു സമൂഹങ്ങളും തമ്മിലുള്ള വ്യത്യാസം. 2013 ലെ Pew research ന്റെ ഒരു പഠന പ്രകാരം മുസ്‌ലിം ഭൂരിപക്ഷമുള്ള ഈജിപ്ത്, പാകിസ്ഥാൻ പോലുള്ള രാജ്യങ്ങളിലെ മിക്ക ആളുകളും വിശ്വസിക്കുന്നത് മതം ഉപേക്ഷിച്ച് പോകുന്നവർ കൊല്ലപ്പെടേണ്ടത് തന്നെയാണ് എന്നാണ്. അവർ സ്ഥിരമായി ആരാണ് യഥാർത്ഥ മുസ്‌ലിങ്ങൾ എന്ന കാര്യത്തെ കുറിച്ച് തർക്കിച്ച് കൊണ്ടും ഇരിക്കുന്നു. പൊതുവേ അവർ ഇസ്‌ലാമിന് എതിരെ വരുന്ന കാർട്ടൂണുകൾക്കെതിരെയും സിനിമകൾക്കെതിരിയും പ്രതിഷേധിക്കാൻ, ഇസ്‌ലാമിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിനേക്കാൾ ഉത്സാഹം കാണിക്കുന്നു. (എന്നാൽ ISIS നെതിരെ ലോക മുസ്‌ലിം സമൂഹങ്ങൾ ഏറെക്കുറെ ഒറ്റക്കെട്ടാണ് എന്ന കാര്യം സ്വാഗതാർഹമായ ഒരു മാറ്റമാണ് )

മിതവാദി എന്ന വാക്കിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. ഫരീദ് സകരിയയുടെ അഭിപ്രായത്തിൽ മധ്യ പൂർവേഷ്യയിലെ മിതവാദി എന്നാൽ ഒരു ഇല്ലാക്കഥയാണ്. അത് പോലെ നാഥൻ ലീൻ പറയുന്നത് മിതവാദി എന്ന വാക്ക് ആർക്കും ഒരു ഉപകാരവും ചെയ്യുന്നില്ല എന്നാണ് .

ഇസ്‌ലാമിനെ വേണ്ടത് നവീകരണവാദികളെയാണ്, മിതവാദികളെയല്ല. എന്നാൽ 'ഒരു തെറ്റുമില്ലാത്ത, എന്നെന്നും നില നിൽക്കുന്ന' എന്നൊക്കെയുള്ള വിശേഷണങ്ങൾ നവീകരണം എന്ന ആശയവും ആയി ചേർന്ന് പോകുന്നത് അല്ല.

നവീകരണത്തിന്റെ ഉദ്ദേശ ലക്‌ഷ്യം മാറ്റങ്ങൾ വരുത്തുക, തെറ്റുകൾ തിരുത്തുക, വേറൊരു ദിശയിൽ മുന്നോട്ട് നയിക്കുക എന്നതൊക്കെയാണ്. തെറ്റ് തിരുത്തുന്നതിന് മുമ്പ് ആദ്യം ചെയ്യേണ്ടത്, തെറ്റ് ഉണ്ട് എന്ന് അംഗീകരിക്കുകയാണ്. അല്ലാതെ പ്രശ്നങ്ങൾ ഉള്ളത് പോലെ തോന്നുന്നു, അല്ലെങ്കിൽ മറ്റുള്ളവർ പ്രശ്നങ്ങൾ ഉള്ളതായി വെറുതെ ആരോപിക്കുന്നു എന്നൊക്കെ പറയാതെ, പ്രശ്നങ്ങൾ ഉണ്ട് എന്ന് ആദ്യം സമ്മതിക്കുക .

മുഹമ്മദ് നബി മക്കയിൽ നിന്ന് എന്തിനാണ് ആട്ടിയോടിക്കപെട്ടതെന്ന് ചിന്തിക്കുക, അല്ലെങ്കിൽ ക്രിസ്തുവിനെ എന്തിനായിരുന്നു കുരിശിലേറ്റിയത്? ഇവരൊന്നും വ്യവസ്ഥാപിതമായ കാര്യങ്ങളെ ചോദ്യം ചെയ്യുന്നതിൽ നിന്ന് ഒഴിഞ്ഞ് മാറിയില്ല. ഇവരൊക്കെ നവീകരണ വാദികളായിരുന്നു, വിമതരും വിപ്ലവകാരികളും ആയിരുന്നു ,അല്ലാതെ മിതവാദികളായിരുന്നില്ല. അവരിലൂടെയാണ് മാറ്റങ്ങൾ ഉണ്ടായത്. എല്ലാ വിപ്ലവങ്ങളും തുടങ്ങി വെച്ചത് വിമതന്മാരാണ്. ഇസ്‌ലാം തന്നെ ഉണ്ടായത് അങ്ങനെ ആണ്. പ്രശ്നങ്ങളുള്ള കാര്യങ്ങൾ തുറന്ന് ചോദ്യം ചെയ്യുന്നത് ഭ്രാന്തല്ല, മതനിന്ദയല്ല, എന്തെങ്കിലും ആണെങ്കിൽ അത് സുന്നത്താണ്. പോയി നിങ്ങളുടെ വിശ്വാസ്യത തിരിച്ചു പിടിക്കുക.


ഈ ലേഖനത്തിന്റെ തനത് പ്രതി വായിക്കുവാൻ https://www.huffpost.com/entry/an-open-letter-to-moderat_b_5930764 സന്ദർശിക്കുക.

അലി എ റിസ്‌വി ലിബിയയിലും, സൗദി അറേബ്യയിലും പാകിസ്ഥാനിലുമായി വളർന്നു. 24 വയസ്സ് കഴിഞ്ഞപ്പോൾ കാനഡയിലും അമേരിക്കയിലും ആയി ജീവിക്കുന്നു. റിസ്‌വി മുസ്ലീം ലോകത്തെ മതേതരത്വത്തെക്കുറിച്ച് വർഷങ്ങളായി എഴുതി വരുന്നു. ഹഫിങ്ടൺ പോസ്റ്റ്, സിഎൻഎൻ പോലുള്ള മീഡിയ ഔട്ട്ലെറ്റുകളിൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ വരാറുണ്ട്. റിസ്‌വി ഒരു മെഡിക്കൽ ആശയവിനിമയ വിദഗ്ധനും പരിശീലനം സിദ്ധിച്ച ഒരു ഡോക്ടറും ഓങ്കോളജി പാത്തോളജിസ്റ്റുമാണ്.