ഇടങ്ങളുടെ പൊരുൾ തേടി
January 21, 2026•461 words
അബ്ദുള്ള കൊടോളി
ഇടം... ഈയിടത്തിൽ നിന്നാണ് പുള്ളുവക്കുടത്തിന്റെ ധ്വനി ഉയർന്നത്. ഇടത്തിന്റെ പരിധിയിൽ കുടിവെച്ചു പാർത്തുപോന്ന ഗ്രാമക്കൂട്ടായ്‌മയെ വിളിച്ചുണർത്താനും അറിയിക്കേണ്ടത് അറിയിക്കാനും കുടത്തിന്റെ ഒലി ഉയർന്നു. കുടത്തിന്റെ ഒലി കൊടോലിയായി. കൊടോലി കൊടോളിയായി. കോഴിക്കോട് കുറുമ്പനാട് വലിയരാജയുടെയും സാമൂതിരിയുടേയും വാഴ്‌ചകളുടെ അതിർവരമ്പുകളിൽ കൊടോളി സ്ഥാനപ്പെട്ടു കിടന്നു.
തട്ടിപ്പറിച്ചെടുക്കാൻ പോന്ന ദ്രവ്യങ്ങളുടെ അഭാവം അതിനെ സുരക്ഷിതമായി നിർത്തി. തിലകശ്ശേരിയിലെ കഴകക്കാരായ അമ്പലവാസികളിലൊന്നിന്റെ ഇടമായിരുന്നു ഇത്. അവരിവിടെ സ്വന്തമായി ക്ഷേത്രം പണിയിക്കുകയും വലിയ കാവലായി മുക്കാലുംപാറ കുന്നിന്റെ നെറുകയിലെ നാട്ടിക്കല്ലിനെ കൽപ്പിച്ചു പോരുകയും ചെയ്തു.
കുന്നിന്റെ താഴ്വാരത്ത് പുത്തലത്ത് പറമ്പിൽ സർപ്പക്കാവ് ഒരുക്കി. ഗ്രാമ സമൃദ്ധിയ്ക്ക് ഉയിരും വീര്യവും പകരാൻ 12 കുടുംബങ്ങളെ കുടിയിരുത്തി. പരമ്പരാഗതമായി കാർഷികവൃത്തികളോട് ചേർന്നുനിന്ന തൊഴിൽക്കൂട്ടങ്ങളുടെ പന്ത്രണ്ട് - കൊടോളിപ്പന്ത്രണ്ട്. കിഴക്ക് മണ്ടയാട്ട് തോട്ടിൻകരയിലെ ചീനിമരത്തെ അതിരായി കണ്ട് ഈർങ്ങോട്ടുവയലിനു കുറുകെ ചെങ്കല്ലു കൊണ്ട് നടകെട്ടി ചങ്ങലയിട്ടു. ചീനിനട അങ്ങനെ കൊടോളിയുടെ പ്രവേശനപ്പടിയായി.
വടക്ക് വടകരയ്ക്കടുത്ത് ഒതേനച്ചേകവരുടെ കൂടെ പടയ്ക്കു നിന്നിരുന്ന നായന്മാരിൽ ഏതാനും പേർ ഏതോ കാരണത്താൽ അവിടം വിട്ട് വയനാട്ടിലേക്ക് കയറി. അവിടെ ഏലും ചേലും പോരാഞ്ഞ് പുതിയ ഇടം തേടി താമരശ്ശേരിയിലേക്കിറങ്ങി. ചുണ്ടേൽ നിന്ന് കൂടെക്കൂട്ടിയ എന്തിനും പോന്ന കുറച്ചു തീയ്യൻമാരും സഹായികളായി. അവിടെനിന്ന് പടനിലത്തും പിന്നെ പൂനൂർപുഴയും കടന്നെത്തിയ കൂട്ടം ചീനിനട തകർത്ത് ഈ ഇടത്തിലെത്തി. വഴിയിൽ വാളു കണ്ടിട്ടും ചൂളാതെ നിന്ന കറുത്ത അതികായനായ ഒരു മാപ്പിളയെയും കൂടെച്ചേർത്തു.
ഇടത്തിലെ പൂണൂൽധാരികളായ വാഴ്ച്ചക്കാർ ചുരിക കണ്ട് വിരണ്ടു. ജയിക്കാനാവില്ലെന്നു കണ്ട് കൂട്ടത്തോടെ മുക്കാലുംപാറകുന്നിലെ കാവലാളെയും കടന്നു പുന്നശ്ശേരിയിൽ ഇടം തേടി. അക്കരെയെത്തിയ അവർ 'കൊടോളിയക്കരെ' എന്നു പ്രദേശത്തെ നാമകരണം ചെയ്തു് സ്ഥാനപ്പെടുത്തി.
തീയ്യരെ ഇരുത്തിയ സ്ഥാനത്തെ അവർ ചുണ്ടേൽ എന്നു തന്നെ വിളിച്ചു. ഇടത്തിന്റെ തൊട്ടു വടക്ക് മാപ്പിളയിടമാക്കി. പൂണൂൽധാരികളോടൊപ്പം നാടുകടന്ന ശാലിയൻമാരുടെ പറമ്പ് ചാലിയത്ത് എന്ന പേരിട്ട് മാപ്പിളമാർ സ്ഥിരമായി കുടിപാർത്തു. അവരുടെ കൂട്ടാളികളായി പിന്നീടെത്തിയ മാപ്പിളക്കുടുംബം പെരിക്കോറ മലയുടെ താഴ്വാരത്തെ പറമ്പിൽ താമസമാക്കി. കൊടോളി തീയ്യരടക്കമുള്ള പഴയ നിവാസികളുമായി അധിനിവേശക്കൂട്ടം ചങ്ങാത്തത്തിലായി.
കുടത്തിന്റെ ഒലികൾ പിന്നെയുമുണർന്നു. അഭ്യാസങ്ങൾ പുതുതലമുറകളിലേക്കു പകർന്നു നൽകാൻ കളരികളിൽ നായരും മാപ്പിളയും വ്യത്യാസങ്ങൾ മറന്നു. ഏകതാളത്തിൽ ചുവടുകൾ ഉറച്ചു. ക്ഷേത്രത്തിന്റെ ഊരാൺമയിൽ മറ്റുള്ളവരോടൊപ്പം മാപ്പിളയും സ്ഥാനിയായി.
പതിച്ചുകിട്ടിയ നിലങ്ങളിലും കുന്നിൻ പള്ളങ്ങളിലും മാപ്പിളമാരും തീയ്യരും കഠിനാദ്ധ്വാനം ചെയ്തു. ആണ്ടറുതികളിൽ കൃത്യമായി പാട്ടം വെച്ചു. ഓണക്കോടിയും വിഷുക്കൈനീട്ടവും വാങ്ങി. കാലങ്ങളായി വിധേയപ്പെട്ടു പോയ കല്ലാടിമാർ ചോര നീരാക്കി. ജാതിയും വേദവും നോക്കാതെ വാഴക്കണവെട്ടി ചതുരംഗം കളിച്ചു. വളഞ്ഞ മുള മുരടുകൾകൊണ്ട് കോലുണ്ടാക്കി കാരടി* കളിച്ചു. കളിയിൽ ഊക്കുള്ള ചുമലുകൾകൊണ്ട് മാറ്റാനെ ഇടിച്ചു തെറിപ്പിച്ചു.
കൊയ്ത്‌തു കഴിഞ്ഞ വയലുകളിൽ നാരു പന്തടിച്ച് പട്ട കയറ്റി. ഇടത്തിന്റെ പടിഞ്ഞാറേ പറമ്പിൽ പുല്ലഞ്ചേരിയിൽ പുതിയ തറവാട് ഉണ്ടായി വന്നു. ആളും അർത്ഥവും ഉണ്ടായപ്പോൾ പുതിയ പാർപ്പുകൾ പന്നിക്കോട്ടുരിലെ നിഴലങ്ങലും കടന്ന് പാറപ്പിലാക്കിൽ നേറങ്ങലും വരെ എത്തി. നിഴലങ്ങിലും പാറപ്പിലാക്കിലും നേരത്തെയുണ്ടായിരുന്ന സർപ്പക്കാവുകളോടനുബന്ധമായി അമ്പലങ്ങൾ പണിതു. മൂന്ന് അമ്പലങ്ങളിലും ഉത്സവങ്ങൾ കൊടിയേറി. പെരുവണ്ണാൻമാർ തിറകെട്ടിയാടി. നരിക്കുനി ഉണ്ണീരിക്കുട്ടിവൈദ്യരുടെ അഞ്ചടിപ്പാട്ടുകൾ കൊടോളിയിലെ ദേവതാ സങ്കൽപ്പങ്ങൾക്കു നിറച്ചാർത്തു നൽകി.
ഇടത്തിലെ മകരം മുപ്പതിന്റെ ഉച്ചാരൽ ഉത്സവം മൊത്തം ദേശത്തിന്റെയും ആഘോഷമായി. ഉത്സവ വിളംബര ചടങ്ങുകൾക്കും വഴിവെട്ടാനും കൊടിയേറ്റിനും വെടിക്കും പ്രദേശത്തെ ആദിമ നിവാസികളായ കരിമ്പാലർ മുന്നിൽ നിന്നു. കൊടോളി വട്ടത്തിനപ്പുറത്തേക്ക് കെട്ടിച്ചയച്ച മാപ്പിളപ്പെണ്ണുങ്ങൾ എഴുന്നള്ളത്ത് കാണാൻ അന്ന് സ്വന്തം കുടികളിൽ തിരിച്ചെത്തി, വൈകുന്നേരം കൊളത്തക്കരപ്പറമ്പിൽ കൂട്ടംകൂടി നിന്നു.
മോന്തിയോടെ എഴുന്നള്ളത്ത് കഴിയുമ്പോൾ പെണ്ണുങ്ങളായ പെണ്ണുങ്ങളൊക്കെ പെട്രോമാക്‌സിന്റെ വെളിച്ചത്തിൽ ദൂരദിക്കുകളിൽ നിന്നു വന്ന വളവിൽപ്പനക്കാരുടെ ചുറ്റും കൂടി. പിന്നെ തിറകാണേണ്ടവർ അമ്പലപ്പറമ്പിലേക്കും അല്ലാത്തവർ പൊരിയും ചക്കരയും കുട്ടികൾക്കു പീപ്പിയും വാങ്ങി ഇരുട്ടു കനക്കുന്നതിനു മുമ്പ് വീടുകളിലേക്കും മടങ്ങി.
മയ്യത്ത് മറമാടാനും, എന്തിന് കറിവെയ്ക്കാൻ കോഴിയെ അറുക്കാൻ പോലും ആദ്യകാലത്ത് മാപ്പിളമാർക്ക് കിഴക്കോത്ത് പള്ളിവരെ പോവേണ്ടി വന്നു. പാലങ്ങാട് തോട്ടിൻകരയിൽ പുതിയ പള്ളിവന്നതോടെ ഇതിനറുതിയായി. വെള്ളിയാഴ്‌ച നിസ്കാരത്തിന് കൂടുതൽ ആളുകൾ പോയിത്തുടങ്ങി. യാസീനിന്റെയും മൗലീദിന്റെയും, റാത്തീബിന്റെയും മുഹിയുദ്ധീൻ മാലയുടെയും ഇമ്പ മാർന്ന ഈണങ്ങൾ മാപ്പിളക്കുടികളിൽ നിന്നുയർന്നു.
രയരപ്പൻനായർ കൊണ്ടുവന്ന അപ്പത്തിനും (കോട്ടേലപ്പം) നോമ്പ് ഇരുപത്തിയേഴാം രാവിൽ കോയക്കുട്ടി മാപ്പിള കൊണ്ടുവരുന്ന കലത്തപ്പത്തിനും കൊയ്യക്കാരൻ ആണ്ടിയേട്ടൻ കൊണ്ടുവരുന്ന പാളയടയ്ക്കും വേണ്ടി കുട്ടികൾ കാത്തിരുന്നു.
ഏറനാട്ടിൽ നിന്നും വരുന്ന ലഹളക്കാരായ മാപ്പിളമാരെ പ്രതിരോധിക്കാൻ കിഴക്കോത്ത് നായർ തറവാട്ടിൽ നിന്ന് വിളിയെത്തിയപ്പോൾ കാവലിനു പോയ നായത്തോടൊപ്പം കൊടോളിയിലെ മാപ്പിളമാരും ഉണ്ടായിരുന്നു. ലഹളക്കാരോടേൽക്കാൻ ഇവിടത്തെ മാപ്പിളമാരെ കൊണ്ടുവന്നതെന്തിനെന്നായി, കാരണവർ. ഇത്തരം കാര്യങ്ങൾക്കു പോകുന്നത് ഒന്നിച്ചാണെന്നും കൂടെയുള്ള മാപ്പിളമാരെ നമ്പാൻ പ്രയാസമാണെങ്കിൽ കാവലിനു വേറെ ആരെയെങ്കിലും നോക്കിക്കൊള്ളണമെന്നും പറഞ്ഞ് നായർപട തിരിച്ചുനടന്നു.